കീവ്: റഷ്യൻ സൈന്യം യുക്രൈനിൽ യുദ്ധം തുടരുമ്പോൾ യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. യുക്രൈനിലെ തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയ മിലിറ്റോപോൾ. നിലവിൽ റഷ്യൻ സൈന്യം സെൻട്രൽ കീവിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. നിലവിൽ റഷ്യക്കെതിരായ പോരാട്ടത്തിന് സഖ്യരാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ യുക്രൈനിലേക്ക് എത്താൻ തുടങ്ങിയതായി പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. കൂടാതെ റഷ്യക്കെതിരായ പോരാട്ടത്തിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന് പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
അതേസമയം ഇതുവരെ 3,500ഓളം റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. ഒപ്പം തന്നെ റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തതായും, 200ഓളം റഷ്യൻ സൈനികരെ തടവിലാക്കിയതായും യുക്രൈൻ വ്യക്തമാക്കി.
യുദ്ധം തുടരുന്ന യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഇന്ന് കൂടുതൽ പേർ ഡെൽഹി, മുംബൈ വിമാനത്താവളങ്ങളിൽ എത്തും. ഇവിടെ എത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.
Read also: ഒഴിപ്പിക്കൽ വേഗത്തിലാക്കണം; യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ പങ്കുവച്ച് രാഹുൽ







































