മോസ്‌കോ: യുഎസുമായുള്ള ആണവക്കരാറിൽ നിന്ന് പിൻമാറി റഷ്യ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സമ്മർദ്ദം ശക്‌തമാക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം. 1987ൽ യുഎസുമായി ഒപ്പുവെച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ളിയർ ഫോഴ്‌സസ് (ഐഎൻഎഫ്) കരാറിൽ നിന്നാണ് റഷ്യയുടെ പിൻമാറ്റം.
ഇരു രാജ്യങ്ങളും പരസ്‌പരം ഹ്രസ്വ-മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാർ. റഷ്യയ്‌ക്ക് സമീപം ആണവ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട് ദിവസങ്ങൾക്കകമാണ് റഷ്യയുടെ നടപടി. പാശ്‌ചാത്യ രാജ്യങ്ങളുടെ നടപടികൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി.
സോവിയറ്റ് യുഗത്തിലെ കരാറിൽ തുടരുന്നതിനുള്ള കാരണങ്ങൾ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. പാശ്‌ചാത്യ രാജ്യങ്ങൾ അവരുടെ മിസൈൽ ശേഷി വർധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ ആരോപിക്കുന്നു.
1987ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും അന്നത്തെ യുഎസ് പ്രസിഡണ്ട് ഡോണൾഡ് റീഗനുമാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ അനുസരിച്ച് 500 മുതൽ 5,500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. റഷ്യ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് 2019ൽ യുഎസ് കരാറിൽ നിന്ന് പിൻമാറിയിരുന്നു.
എന്നാൽ, യുഎസ് പ്രകോപനം ഉണ്ടാക്കാത്തിടത്തോളം തങ്ങളും യുഎസിന് സമീപം മിസൈലുകൾ വിന്യസിക്കുന്നില്ലെന്നാണ് റഷ്യ ആവർത്തിച്ചിരുന്നത്. അതിനിടെ, കരാർ ലംഘിക്കപ്പെട്ടത് നാറ്റോ രാജ്യങ്ങളുടെ റഷ്യാ വിരുദ്ധ നയങ്ങളുടെ ഫലമാണെന്ന് ആരോപിച്ച് റഷ്യൻ മുൻ പ്രസിഡണ്ട് ദിമിത്രി മെദ്‌വദേവ് രംഗത്തെത്തി. മോസ്‌കോയുടെ ഭാഗത്ത് നിന്ന് തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!