ന്യൂഡെൽഹി: ഇന്ത്യക്ക് കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര-ഊർജ ബന്ധങ്ങൾ കൂടുതൽ ശക്‌തമാകുന്നതിന്റെ ഭാഗമായാണ് നടപടി. റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വാഗ്‌ദാനം.
ഊർജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ നിർണായക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്‌തു. കഴിഞ്ഞ ഡിസംബറിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ സന്ദർശന വേളയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40 ശതമാനം വർധനവ് റഷ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം ഇനിയും വളം നൽകാൻ തയ്യാറാണെന്നും മാന്തുറോവ് അറിയിച്ചു. ഇസ്രയേൽ-ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് തടസപ്പെട്ടത് ഇന്ത്യയുടെ ഊർജ, വളം ഇറക്കുമതിയെ ബാധിച്ച സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം.
ഇതിനൊപ്പം കൂടംകുളം ആണവനിലയത്തിന്റെ ശേഷിക്കുന്ന റിയാക്‌ടറിന്റെ നിർമാണം നിശ്‌ചിത സമയക്രമത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് റഷ്യ ഉറപ്പ് നൽകി. അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ചർച്ചകളിൽ ഇടംപിടിച്ചു.
Most Read| ആർട്ടെമിസ്-II നിർണായക ഘട്ടത്തിൽ; പേടകം ഭൂമി വിട്ട് ചന്ദ്രനിലേക്ക് കടന്നു









































