കീവ്: കഴിഞ്ഞ ഫെബ്രുവരി 24ആം തീയതി മുതൽ യുക്രൈനിൽ അധിനിവേശം ആരംഭിച്ച റഷ്യക്ക് ഇതിനോടകം തന്നെ കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന അവകാശ വാദവുമായി യുക്രൈൻ. പതിനായിരത്തിലേറെ റഷ്യൻ സൈനികരെ ഇതിനോടകം തന്നെ വധിച്ചതായും, 39 യുദ്ധ വിമാനങ്ങളും 40 ഹെലിക്കോപ്റ്ററുകളും തങ്ങള്‍ നശിപ്പിച്ചതായും യുക്രൈന് അവകാശപ്പെട്ടു. കൂടാതെ 269 ടാങ്കുകളും 105 പീരങ്കിയുടെ ഭാഗങ്ങളും 945 ആയുധ വാഹിനികളും രണ്ട് ബോട്ടുകളും 409 കാറുകളും 60 ഇന്ധന ടാങ്കുകളും മൂന്ന് ഡ്രോണുകളും നശിപ്പിച്ചതായും യുക്രൈൻ കൂട്ടിച്ചേർത്തു.
യുക്രേനിയന്‍ മാദ്ധ്യമമായ ദി കീവ് ഇന്‍ഡിപെന്‍ഡന്റാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം യുക്രേനിയന്‍ പ്രതിരോധത്തില്‍ റഷ്യന്‍ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവ്സ്കി കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം റഷ്യ ഔദ്യോഗികമായ സ്ഥിരീകരിച്ചില്ല. കൂടാതെ ഈ വാർത്ത ചില റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തതോടെ കർശന നിയമനടപടിയുമായി റഷ്യ രംഗത്ത് വരികയും ചെയ്തു.
അതേസമയം യുക്രൈനിലെ മരിയുപോളിലും, വോൾനോവാഖയിലും റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. അഞ്ചര മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. സാധാരണക്കാരായ ആളുകൾക്ക് യുക്രൈൻ വിടാൻ അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
Read also: ധീരജിന്റെ കൊലപാതകം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി







































