വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാർ നീളുമെന്ന് സൂചന. യുഎസ്-യുക്രൈൻ പ്രതിനിധികൾ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ മാർച്ചോടെ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് യുക്രൈൻ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
അബുദാബിയിലും മയാമിയിലുമായാണ് കൂടിക്കാഴ്‌ചകൾ നടന്നത്. ഭൂപ്രദേശങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തുടരുന്നത്. സമാധാന കരാറിൽ യുക്രൈനിലെ വോട്ടർമാർക്കിടയിൽ ഒരു ഹിതപരിശോധന നടത്താനാണ് തീരുമാനം. ഇതോടൊപ്പം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനും പദ്ധതിയുണ്ട്.
വോട്ടെടുപ്പ് എത്രയുംവേഗം നടത്തുന്നതാണ് നല്ലതെന്ന് സ്‌റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കൃഷ്‌നർ എന്നിവരടങ്ങിയ യുഎസ് ചർച്ചാ സംഘം യുക്രൈനെ അറിയിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല കോൺഗ്രസ് തിരഞ്ഞെടുപ്പുകളിലേക്ക് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ അതിന് മുൻപ് കരാർ പൂർത്തിയാക്കാനാണ് യുഎസിന്റെ നീക്കം.
അബുദാബിയിൽ നടന്ന രണ്ടാംഘട്ട ചർച്ചകൾ വ്യാഴാഴ്‌ചയാണ് അവസാനിച്ചത്. 314 യുദ്ധ തടവുകാരെ മോചിപ്പിക്കാനും ചർച്ചകൾ തുടരാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. അടുത്ത ത്രികക്ഷി ചർച്ച യുഎസിൽ വെച്ച് നടക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കി പറഞ്ഞു. മേയ് മാസത്തിൽ വോട്ടെടുപ്പ് നടന്നേക്കാം.
നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കുറഞ്ഞത് ആറുമാസമെങ്കിലും സമയം വേണമെന്ന് യുക്രൈൻ തിരഞ്ഞെടുപ്പ് അധികൃതർ പറയുന്നു. കൂടാതെ, സൈനിക നിയമം നിലനിൽക്കുന്നതിനാൽ നിയമപരമായ മാറ്റങ്ങളും ആവശ്യമാണ്. വോട്ടിങ് സമയത്ത് സുരക്ഷ ഉറപ്പാക്കാൻ വെടിനിർത്തൽ വേണമെന്ന് യുക്രൈൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും റഷ്യ വാക്ക് പാലിക്കുമോ എന്ന കാര്യത്തിൽ അവർക്ക് ആശങ്കയുണ്ട്.
യുഎസിൽ നിന്നും മറ്റു പങ്കാളികളിൽ നിന്നും കൃത്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കാതെ യാതൊരു കരാറിനും തയ്യാറല്ലെന്നാണ് യുക്രൈൻ നിലപാട്. ഈ വിഷയത്തിൽ വൈറ്റ് ഹൗസോ റഷ്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































