ന്യൂഡെൽഹി: ഇന്ത്യ- പാക്കിസ്‌ഥാൻ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ സഹകരിക്കൂ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-പാക്ക് വെടിനിർത്തലിൽ ഇടപെട്ടെന്നും കശ്‌മീർ വിഷയത്തിൽ മധ്യസ്‌ഥത വഹിക്കാമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പറയുന്നതിനിടെയാണ് ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി വിശദീകരണം നൽകിയത്.
അതിർത്തി കടന്നുള്ള ഭീകരത പാക്കിസ്‌ഥാൻ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി. പാക്ക് അധീന കശ്‌മീരിൽ നിയമവിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് ഇനി ചർച്ച ചെയ്യാനുള്ളതെന്നും ആ ചർച്ചയ്‌ക്ക് തങ്ങൾ തയ്യാറാണെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യ-പാക്ക് വെടിനിർത്തലിന് ആരാണ് ആഹ്വാനം ചെയ്‌തതെന്ന് വ്യക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. മേയ് ഏഴിന് പിൻമാറാൻ തയ്യാറാകാതിരുന്ന പാക്കിസ്‌ഥാൻ മേയ് പത്തിന് പിൻമാറാനും ചർച്ച നടത്താനും തയ്യാറായി. വെടിനിർത്തലിന് ആരാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്‌തമാണ്. ഞങ്ങൾ പാക്കിസ്‌ഥാൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ല. അതിനാൽ പാക്ക് സൈന്യത്തിന് ഇതിൽ ഇടപെടാതിരിക്കാനുള്ള അവസരം ഉണ്ടായിരുന്നു.
പക്ഷേ, അവർ നല്ല ഉപദേശം സ്വീകരിക്കാൻ തയ്യാറായില്ല. ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് നമുക്ക് സംഭവിച്ചത് ചെറിയ നാശനഷ്‌ടങ്ങൾ മാത്രമാണെന്നും അവർക്ക് സംഭവിച്ചത് എത്ര വലിയ നഷ്‌ടമാണെന്നും വ്യക്‌തമായിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.
അതേസമയം, ഇന്ത്യയും യുഎസിനുമിടയിൽ വ്യാപാര ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സങ്കീർണമായ ചർച്ചകളാണ്. എല്ലാം ശരിയാകുന്നതുവരെ ഇരു തീരുമാനവും എടുക്കില്ല. ഏതൊരു വ്യാപാര കരാറും പരസ്‌പരം പ്രയോജനകരമാകുന്ന രീതിയിലാകണം. വ്യാപാര കരാറിൽ ഞങ്ങളുടെ പ്രതീക്ഷ അതായിരിക്കുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’