തിരുവനന്തപുരം: ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ സംസ്‌ഥാന സർക്കാർ വിപണിയിലെത്തിക്കുന്ന അരിയുടെ വില പ്രഖ്യാപിച്ചു. ശബരി കെ റൈസ് (ജയ)- കിലോയ്‌ക്ക് 29 രൂപ, ശബരി കെ റൈസ് (കുറുവ)- 30 രൂപ, ശബരി കെ റൈസ് (മട്ട)- 30 രൂപ എന്നിങ്ങനെയാണ് വില. സപ്ളൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് എന്ന പേരിൽ ബ്രാൻഡ് അരി വിപണിയിൽ എത്തിക്കുന്നത്.
ശബരി കെ റൈസ് പ്രതിമാസം അഞ്ചുകിലോയാണ് വിതരണം ചെയ്യുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും കോഴിക്കോട്, പാലക്കാട് മേഖലകളിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക. ശബരി കെ റൈസ് തുണി സഞ്ചയിലാണ് അരി വിതരണം. പത്ത് ലക്ഷം രൂപയിൽ താഴെയാണ് തുണി സഞ്ചിക്കുള്ള ചിലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തിൽ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുക.
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്‌ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്‌ക്കാണ്. 10.41 രൂപ ലാഭത്തിലാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് പൊതുജനത്തിന് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ റൈസിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നിർവഹിക്കും.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്