പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കുറയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്ക് പോകാനോ ദർശനം നടത്താനോ കഴിയില്ല. തിങ്കളാഴ്‌ച വരെ സ്‌പോട്ട് ബുക്കിങ് 5000 ആയി കോടതി നിജപ്പെടുത്തിയിട്ടുണ്ട്.
പമ്പ, നിലയ്‌ക്കൽ, എരുമേലി, ചെങ്ങന്നൂർ, വണ്ടിപ്പെരിയാർ-സത്രം എന്നീ 5 കേന്ദ്രങ്ങളിലുമായി 5000 പേർക്ക് മാത്രമാണ് സ്‌പോട്ട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്. ഇന്ന് രാവിലെ നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്‌പോട്ട് ബുക്കിങ് കൗണ്ടറിന് മുമ്പിൽ ആയിരങ്ങളുടെ നിരയാണ് കണ്ടത്. കുറച്ചുപേർക്ക് കൊടുത്ത് കഴിഞ്ഞപ്പോൾ തന്നെ പാസ് തീർന്നതായി ജീവനക്കാർ അറിയിച്ചു.
എന്നാലും കൗണ്ടറിന് മുമ്പിൽ വലിയ തിരക്കാണ് കാണുന്നത്. ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഏറെയും. കോടതി നിയന്ത്രണം അവർക്ക് അറിയില്ല. കൗണ്ടറിൽ ഉള്ളവർക്ക് ഭാഷ അറിയാത്തതും പ്രശ്‌നമാണ്. ഡിസംബർ 12 വരെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. പ്രതിദിനം 70,000 പേർക്ക് മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ മൂന്നിന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ ഉണ്ടായിരുന്നു. രാവിലെ ഏഴിനും ഇത് തുടർന്നു. പതിനെട്ടാംപടി കയറ്റി വിടുന്നത് ഒരു മിനിറ്റിൽ 55 മുതൽ 60 പേരെ വരെ മാത്രമാണ്. പടി കയറ്റുന്നത് വേഗത്തിലാക്കിയാൽ മാത്രമേ തീർഥാടകർക്ക് ദർശനം സുഗമമാവുകയുള്ളൂ. സന്നിധാനവും പമ്പയും പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































