പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങുമെന്നാണ് വിവരം.
കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോയെന്ന് അറിയുന്നതിൽ നിർണായകമാണ്. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞു നൽകിയതും അതിനുശേഷം 2019ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കൊണ്ട് സ്വർണം പൂശിച്ചതും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
കുറ്റക്കാർക്കെതിരെ ശക്‌തമായ തെളിവുകൾ ശേഖരിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സാമ്പിൾ ശേഖരിച്ചത്. പരിശോധനയുടെ ഫലം പ്രത്യേക സംഘം കോടതിയെ അറിയിക്കും. ഇന്നലെ ഉച്ചപ്പൂജയ്‌ക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ദേവന്റെ അനുജ്‌ഞ വാങ്ങിയായിരുന്നു തുടക്കം.
എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്‌ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!






































