കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച്, പാളികളിലെ സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണപ്പാളികൾ ഉണ്ടെന്നറിയാനുമുള്ള ശാസ്‌ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദ്ദേശം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിനായി ഈമാസം 12ന് ശബരിമലയിൽ നിന്ന് 12 സാമ്പിളുകൾ ശേഖരിക്കാൻ കോടതി അനുമതി നൽകി. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) നടത്തിയ പരിശോധനാ ഫലങ്ങളിൽ ശാസ്‌ത്രജ്‌ഞരുടെ മൊഴിയും റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാർക്കിന്റെ (BARC) സഹായം തേടാൻ കോടതി നിർദ്ദേശിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ 2019 മുതലുള്ള ഫോൺ കോൾ രേഖകൾ ശേഖരിക്കാൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ രണ്ട് ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ മറ്റു പ്രതികളുടെ ഫോൺ രേഖകളുമായി ഒത്തുനോക്കും. ഇതിനുപുറമെ, പ്രതികളുടെ കൈയക്ഷരം പരിശോധനയ്‌ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്.
കട്ടിളപ്പാളി, ദ്വാരപാളികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും എസ്ഐടിക്ക് നിർദ്ദേശം നൽകി. 2025ലെ സ്വർണംപൂശൽ നടപടികളുടെ ശാസ്‌ത്രീയ വശങ്ങളും അന്വേഷണ പരിധിയിൽ വരും.
കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഈമാസം 19ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, മാർച്ച് മാസത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല








































