തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു അറസ്റ്റിൽ. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ എൻ. വാസുവിനെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി വാസുവിനെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജയിലിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. പോലീസ് കസ്റ്റഡി അപേക്ഷ പിന്നീട് സമർപ്പിക്കും. ശബരിമലയിൽ സ്വർണക്കൊള്ള നടന്ന 2019ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡണ്ടായി.
സ്വർണപ്പാളി കേസിൽ ദേവസ്വം കമ്മീഷണറെ മൂന്നാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നത്. ഈ കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയായിരുന്നു ഒന്നാംപ്രതി. കേസിലെ നാലാം പ്രതി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടും മൂന്നാം പ്രതിയെ കസ്റ്റഡിയിൽ എടുക്കാതിരുന്നതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































