തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്‌ഥർക്കുമെതിരെ കസ്‌റ്റഡിയിലിരിക്കെ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും.
തന്നെ ചിലർ കുടുക്കിയതാണെന്ന് പറഞ്ഞ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, അവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വർണക്കൊള്ളയ്‌ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ഇന്നലെ അന്വേഷണം സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്‌തത്. ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ശബരിമലയിൽ നിന്ന് ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇക്കാര്യം, അന്നത്തെ ചിത്രങ്ങൾ പരിശോധിച്ചതിലൂടെ പ്രത്യേക അന്വേഷണ സംഘവും സ്‌ഥിരീകരിച്ചിരുന്നു. പാളികൾ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചെന്നാണ് 2019 ജൂലൈ 19ലെ മഹസറിൽ രേഖപ്പെടുത്തിയതെങ്കിലും പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരുന്നത് അനന്തസുബ്രഹ്‌മണ്യമായിരുന്നു.
ഇതിനുപുറമെ, ജൂലൈ 20ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് വേണ്ടി പാളികൾ ഏറ്റുവാങ്ങിയത് മറ്റൊരു സുഹൃത്ത് കർണാടക സ്വദേശി ആർ. രമേശ് ആണ്. ഈ രണ്ടു ദിവസവും ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശബരിമലയിൽ വന്നിരുന്നില്ല. ഇതിന്റെ കാരണം തേടിയാണ് ചോദ്യം ചെയ്യൽ. രമേശിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
Most Read| ധനാനുമതി ബില്ലിന് അംഗീകാരമില്ല; അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും








































