തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തന്ത്രി കണ്ഠരര് രാജീവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ നേരത്തെ വാദം പൂർത്തിയായിരുന്നു.
ചൊവ്വ, ശനി ദിവസങ്ങളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കോടതി അനുമതിയില്ലാതെ സംസ്ഥാനം വിട്ട് പുറത്തുപോകരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം കിട്ടുന്ന ആറാമത്തെ പ്രതിയാണ് കണ്ഠരര് രാജീവര്.
തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് എസ്ഐടി വാദിച്ചിരുന്നത്. കണ്ഠരര് രാജീവര് തന്ത്രിയായിരുന്ന കർണാടകയിലെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയെന്നും അന്ന് തുടങ്ങിയ ബന്ധത്തിന്റെ പേരിൽ 2004 മുതൽ 2008 വരെ ശബരിമലയിലും പോറ്റി കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും എസ്ഐടി ആരോപിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രി കണ്ഠരര് രാജീവർക്ക് മുഖ്യപങ്കുണ്ടെന്നും എസ്ഐടി വാദിച്ചു. ക്ഷേത്രത്തിൽ നടന്ന ആചാരലംഘനം കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും സ്വർണപ്പാളികൾ ഉൾപ്പടെ പോറ്റിക്ക് കൈമാറുന്നത് തടയാതെ കുറ്റകരമായ മൗനാനുവാദം നൽകി വീഴ്ച വരുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്ഐടി കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്.
കുറ്റകൃത്യത്തിൽ കണ്ഠരര് രാജീവരുടെ പങ്ക് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി കോടതിയെ ബോധിപ്പിച്ചു. എന്നാൽ, തന്നെ കേസിൽ കുടുക്കിയെന്ന വാദമാണ് തന്ത്രി ഉയർത്തിയത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടതെന്നും ബോർഡിന്റെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ തനിക്ക് അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു.
കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ള പ്രധാന പ്രതികൾക്ക് മുൻപ് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം വൈകിയതുമൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. അതേസമയം, അറസ്റ്റിലായി 41ആം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിക്കുന്നത്. എന്നാൽ, ജയിൽ മോചിതനാകുന്ന കണ്ഠരര് രാജീവരെയും ചോദ്യം ചെയ്യാൻ ഇഡി ഉടൻ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































