പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33% കൂടുതലാണിത്. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് ലഭിച്ചത്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞവർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവർഷവും ഇക്കാലയളവിൽ ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്.
കാണിക്കയിൽ നിന്നുള്ള വരുമാനം 2024ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി. 18.18 ശതമാനം വർധനവുണ്ടായി. ഈ സീസണിൽ 13 ലക്ഷത്തോളം തീർഥാടകരാണ് ഇന്നലെവരെ ശബരിമലയിൽ എത്തിയത്. ഏറ്റവും കുറവ് തീർഥാടകർ എത്തിയത് ഇന്നലെയാണ്. 50,264 പേർ മലകയറി. വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ നല്ലൊരു ഭാഗവും ഇന്നലെ എത്തിയില്ല. അതിനാൽ 10,000ത്തിന് മുകളിൽ സ്പോട്ട് ബുക്കിങ് നൽകി.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ








































