തിരുവനന്തപുരം: ഏറെക്കാലത്തെ അനിശ്‌ചിത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാക്കുന്നു. വനംവകുപ്പിന്റെ തർക്കങ്ങൾ ഉൾപ്പടെ പരിഹരിച്ചും, ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സർക്കാർ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്.
ശബരിമലയിൽ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള നിർണായക ഉത്തരവും സർക്കാർ പുറത്തിറക്കി. റോപ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്‌ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ 4.5336 ഹെക്‌ടർ ഭൂമിയുടെ ഉടമസ്‌ഥാവകാശം സംസ്‌ഥാന വനംവകുപ്പിന്റെ പേരിൽ നൽകുന്നതിനായിട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
കൊല്ലം ജില്ലാ കളക്‌ടർ ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ഹിൽടോപ്പിൽ നിന്ന് സന്നിധാനം പോലീസ് ബാരിക്കേഡിനടുത്തേക്ക് ബിഒടി വ്യവസ്‌ഥയിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടന കാലത്ത് തന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.
2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതോടെ പത്ത് മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താൻ കഴിയും. സാധന സാമഗ്രികൾ എളുപ്പത്തിലും ചിലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തിര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലൻസായി ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’








































