പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി 27ന് നട അടയ്ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ടനിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. അവധിക്കാലം നാളെ തുടങ്ങാനിരിക്കെ വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചേക്കാം.
ശബരിമല മണ്ഡലപൂജ 27ന് നടക്കാനിരിക്കെ അന്നേ ദിവസം വെർച്വൽ ക്യൂ വഴി 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജയെങ്കിലും അത്താഴപ്പൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക. അതേസമയം, മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. അന്ന് പ്രത്യേക പൂജകളില്ലെങ്കിലും ദർശനം നടത്താം.
മകരവിളക്ക് കാലത്തെ പൂജകളും അഭിഷേകവും 31ന് പുലർച്ചെ മൂന്നിന് ആരംഭിക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളൽ ജനുവരി 11നും. മകരസംക്രമ സന്ധ്യയിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12ന് പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട് 14ന് വൈകീട്ട് സന്നിധാനത്തെത്തും.
ശരംകുത്തിയിൽ നിന്ന് സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. ഈസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































