പ്രഭാസ്, ശ്രുതി ഹാസന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘സലാറി’ലെ പുതിയ പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്. ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രമായ ‘രാജമന്നാറു’ടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നത്. ‘പുലിമുരുഗൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായ ജഗപതി ബാബുവാണ് ‘രാജമന്നാര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കെജിഎഫ് ചാപ്റ്റര്‍ 1, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസും സംവിധായകന്‍ പ്രശാന്ത് നീലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍.

അതേസമയം സിനിമയുടെ ഗതി തന്നെ മാറ്റുന്നതിൽ നിര്‍ണായകമായ ഒരു കഥാപാത്രമാണ് ജഗപതി ബാബുവിന്റെ ‘രാജമന്നാര്‍’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന മുറയ്‌ക്ക് മറ്റ് കഥാപാത്രങ്ങളെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞു. ഏതായാലും ചിത്രത്തിലെ ജഗപതി ബാബുവിന്റെ മാസ് ലുക്ക് കൈയ്യടി നേടുന്നുണ്ട്.

മാസും ആക്ഷനും സാഹസികതയും നിറഞ്ഞ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 20 ശതമാനത്തോളം പൂര്‍ത്തിയായതായാണ് വിവരം. ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നും ഈ വര്‍ഷം അവസാനത്തോടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്നുമാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Most Read: ബർഗർ കഴിച്ച് റെക്കോർഡിട്ട് യുവാവ്; കണ്ണുതള്ളി കാണികൾ







































