കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ മുസ്ലിം സ്ത്രീകൾക്ക് എതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായി വിപി സുഹറ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് വിപി സുഹറ തട്ടം ഊരി പ്രതിഷേധിച്ചത്. പരിപാടിയിലെ അതിഥിയായിരുന്നു വിപി സുഹറ.
‘ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോയെന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഇവർക്ക് ആവലാതിയില്ല. ഉമർ ഫൈസി മുക്കം നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കും’- വിപി സുഹറ പ്രതികരിച്ചു.
അതേസമയം, സുഹറയുടെ നീക്കത്തിൽ രോഷാകുലനായ സ്കൂൾ പിടിഎ പ്രസിഡണ്ട് ഇവരെ അസഭ്യം പറഞ്ഞു. തുടർന്ന് പിടിഎ പ്രസിഡണ്ടിനെതിരെ സുഹറ നല്ലളം പോലീസിൽ പരാതി നൽകുകയും ചെയ്തു.
തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. തട്ടം ഇസ്ലാമികമാണെന്നും അതിനെതിരെ പ്രതികരിച്ചാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്.
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം സംസ്ഥാന സമിതിയംഗം കെ അനിൽ കുമാറിന്റെ പ്രസ്താവനയാണ് തട്ടം വിവാദത്തിന് തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നതിനിടെയാണ് സുഹറയുടെ പ്രതിഷേധം. കെ അനിൽ കുമാറിന്റെ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ സാമൂഹിക മാദ്ധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണ് നടത്തുന്നത്.
Most Read| ഇറാനിൽ സ്ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്കാരം നർഗേസ് മുഹമ്മദിക്ക്







































