കാസർഗോഡ്: മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.
കാസർഗോഡ് നടന്ന നൂറാം വാർഷികാഘോഷ ചടങ്ങിലാണ് സമസ്‌ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയത്. ശാസ്‌ത്രീയ പഠനങ്ങൾ നടത്തി ജില്ലാ പുനർനിർണയം അനിവാര്യമാണെന്നും, കേരളത്തിന്റെ വർധിച്ചുവരുന്ന ജനസംഖ്യയും ഭരണനിർവ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് തീരുമാനം നടപ്പിലാക്കാനാണ് പ്രമേയത്തിൽ സമസ്‌ത ആവശ്യപ്പെട്ടത്.
”ഭൂപ്രകൃതിയും യാത്രാക്ളേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട്. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്‌റ്റേഷനുകളും ആശുപത്രികളും ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കും.
പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്‌ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ, രാഷ്‌ട്രീയ താൽപര്യങ്ങൾക്കപ്പുറം ശാസ്‌ത്രീയ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ചു രംഗത്തിറങ്ങണം”- പ്രമേയത്തിലൂടെ സമസ്‌ത ആവശ്യപ്പെട്ടു.
നേരത്തെ, മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയ്‌ക്കിടെയായിരുന്നു ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി മാത്രം കാണണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ വ്യക്‌തമാക്കിയിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































