വടകര: വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ വടകരയിലെ വെള്ളിയാങ്കല്ലിലേക്ക് എത്തിപെടാൻ സുരക്ഷിത മാർഗം ഒരുങ്ങുന്നു. സാൻഡ് ബാങ്ക്സ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് വെള്ളിയാങ്കല്ലിലേക്ക് സഞ്ചാരികൾക്കുള്ള സുരക്ഷിത യാത്രാ മാർഗം ആസൂത്രണം ചെയ്യുന്നത്. നിലവിൽ മൽസ്യബന്ധന തോണികളെ ആശ്രയിച്ചും സാഹസിക യാത്ര നടത്തുന്നവർക്കുമാണ് ഇപ്പോൾ ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുന്നത്.
കുഞ്ഞാലിമരക്കാരുടെ യുദ്ധ പോരാട്ടത്തിന്റെ പ്രധാന ഭാഗമായിരുന്നു അറബിക്കടലിലെ വെള്ളിയാങ്കല്ല്. അറബിക്കടലിൽ വിശാലമായ നാല് ഏക്കർ സ്‌ഥലത്ത് പവിഴപുറ്റു കണക്കെയുള്ള പാറക്കൂട്ട ദ്വീപാണ് വെള്ളിയാങ്കല്ല്. ഒക്റ്റോബർ മുതൽ മെയ് വരെയാണ് ഇവിടേക്ക് യാത്ര ചെയ്യാനുള്ള അനുയോജ്യമായ കാലാവസ്‌ഥ.
സാൻഡ് ബാങ്ക്സിൽ നിന്ന് 16 കിലോമീറ്റർ ദൂരം കടൽ യാത്ര ചെയ്‌താൽ എത്താവുന്ന സ്‌ഥലമാണ് വെളിയാങ്കല്ല്. ഇത് സാൻഡ് ബാങ്ക്സ് പദ്ധതിയുമായി ബന്ധിപ്പിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് കെകെ രമ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. വിശദമായ ചർച്ച നടത്തി പദ്ധതി നടപ്പിലാക്കാമെന്ന് മന്ത്രി പിഎം മുഹമ്മദ് റിയാസ് ഉറപ്പു നൽകിയിരുന്നു. ഇതോടെയാണ് വെളിയാങ്കല്ലിലേക്കുള്ള സുഗമമായ യാത്രയെന്ന സഞ്ചാരികളുടെ പ്രിയ സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നത്.
Read Also: പട്ടയഭൂമിയിലെ മരംമുറി; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി