പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ സന്ദീപിനെ സ്വാഗതം ചെയ്‌തു.
വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണ് മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്‌ത് സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടവും നൽകി.
ബിജെപി സംസ്‌ഥാന നേതൃത്വവുമായി ഏറെനാളുകളായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യർ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചാരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാർട്ടി വിടുമെന്ന ചർച്ചകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതിനിടയിൽ പാലക്കാട് സ്‌ഥാനാർഥി സി കൃഷ്‌ണകുമാറിനെതിരെ സന്ദീപ് ഫേസ്ബുക്ക് പോസ്‌റ്റിട്ടതോടെ കാര്യങ്ങൾ പരസ്യമായി. അതിനിടെ, സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്‌ത് എകെ ബാലൻ രംഗത്തെത്തിയിരുന്നു. സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യൂഹം ശക്‌തമായിരിക്കെ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തെ സൂചനയുണ്ടായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാമ്പിലേക്ക് ചേക്കേറുന്നത്. ആർഎസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും പെട്ടിയിൽ സജീവമാകാനും സന്ദീപിനോട് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപെട്ടിരുന്നു. സന്ദീപ് അച്ചടക്ക ലംഘനത്തിന്റെ പരിധി വിട്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































