തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്‌ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് നേതാക്കളും തറവാട്ടിലെ മറ്റു അംഗങ്ങളും സന്ദീപിനെ സ്വീകരിച്ചു.
എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, കെപിസിസി ജനറൽ സെക്രട്ടറി വി ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.
മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട് കുടുംബമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവ സൗഹാർദ്ദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപ് പറഞ്ഞു. സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള കടന്നു വരവിനെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മതേതരത്വത്തിന്റെ രാഷ്‌ട്രീയ ഭൂമിയിലേക്ക് അദ്ദേഹം കടന്നു വന്നിരിക്കുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബിജെപിയാണ് അവസാന അഭയ കേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് കോൺഗ്രസിൽ ചേർന്നതോടെ മാറ്റം വരുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാലമാണ്. ദേശീയമായി തന്നെ പ്രാധാന്യമുള്ള ഒന്നാണ് സന്ദീപിന്റെ വരവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ







































