കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന് പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫിനെതിരെ സാന്ദ്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
റനി ഗ്രൂപ്പിലിട്ട ശബ്‌ദ സന്ദേശം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ”സാന്ദ്ര കൂടുതൽ വിളയണ്ട. നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടിൽ കളയും. പ്രൊഡക്ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ട എന്ന് പറയാൻ നീ ആരാണ്”- എന്നാണ് ശബ്‌ദ സന്ദേശത്തിലുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ സാന്ദ്ര നടത്തിയ പരാമർശത്തെ അവരുടെ സംഘടന വിമർശിച്ചിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്‌തിക ഇനി മലയാള സിനിമയിൽ ആവശ്യമില്ലെന്നായിരുന്നു സാന്ദ്ര തോമസിന്റെ പരാമർശം. അവരിപ്പോൾ ആർട്ടിസ്‌റ്റ് മാനേജേഴ്‌സ് ആണ്. അതുകൊണ്ട് പേരുമാറ്റി ആർട്ടിസ്‌റ്റ് മാനേജേഴ്‌സ് എന്നാക്കണം. പ്രൊഡക്ഷൻ കൺട്രോളിങ് അല്ല അവർ ചെയ്യുന്നത്. അതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണവർ. ഇത് കേൾക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ തനിക്കെതിരെ വന്നാലും യാഥാർഥ്യം ഇതാണെന്നും സാന്ദ്ര പറഞ്ഞിരുന്നു.
പരാമർശത്തിന് പിന്നാലെ ഫെഫ്‌കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ സന്ദ്രയ്‌ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിരുന്നു. അതിനിടെയാണ് റനി സാന്ദ്രയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതും വാട്‌സ് ആപ് ഗ്രൂപ്പിൽ വധഭീഷണി മുഴക്കിയതും.
റനി വളരെ മോശമായി സംസാരിച്ചതായി സാന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയുടെ വിവരം പോലീസിനെ അറിയിച്ചു. കമ്മീഷണർക്ക് പരാതിയും നൽകി. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് ശേഷം പോലീസ് നടപടി ഉണ്ടായില്ല. മജിസ്‌ട്രേറ്റിന് മൊഴി കൊടുത്തു. പിന്നീടാണ് റനി ഫെഫ്‌ക ഗ്രൂപ്പിൽ ശബ്‌ദ സന്ദേശം ഇട്ടത്. റനിയെ പിന്തുണച്ച് ഗ്രൂപ്പിൽ ചർച്ചയുണ്ടായി. ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ അവരെ നിശബ്‌ദരാക്കുന്നതാണ് സിനിമയിലെ രീതിയെന്നും സാന്ദ്ര പറഞ്ഞു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ