കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാദ്ധ്യമങ്ങളിലൂടെ അംഗങ്ങളെ താരംതാഴ്‌ത്തിയെന്നുമാണ് സാന്ദ്രക്കെതിരായ ആരോപണം. സാന്ദ്രയ്‌ക്കെതിരെ സംഘടന മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുമുണ്ട്.
അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസാണെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു. ഒരാഴ്‌ച മുൻപ് ചേർന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാദ്ധ്യമങ്ങളെ അറിയിക്കാതെ സംഘടന രഹസ്യമാക്കി വെക്കുകയായിരുന്നു.
നിർമാതാക്കളുടെ സംഘടനയിലെ ചില അംഗങ്ങൾ സാന്ദ്രയെ വ്യക്‌തിപരമായി അവഹേളിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. തന്നെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്‌ക്ക് പരാതി നൽകിയെങ്കിലും അതിൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
തുടർന്ന് സംഘടനയെ നിശിതമായി വിമർശിച്ചു സാന്ദ്ര കത്തയക്കുകയും ചെയ്‌തു. ഈ കത്ത് പിന്നീട് മാദ്ധ്യമങ്ങളിലൂടെ പുറത്തായി. സിനിമാ നിർമാണ മേഖല സ്‌ത്രീവിരുദ്ധമാണെന്നും സംഘടനയിൽ പവർ ഗ്രൂപ്പ് ശക്‌തമാണെന്നും സാന്ദ്ര കത്തിലൂടെ ആരോപിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഫിയോക്കിന് വേണ്ടി നിലനിൽക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാൻ വിളിച്ച ശേഷം താൻ അപമാനിക്കപ്പെട്ടുവെന്നും സാന്ദ്ര പറയുന്നു.
ആ മനസികാഘാതത്തിൽ നിന്ന് ഇപ്പോഴും പൂർണമായി മോചിതയായിട്ടില്ലെന്നും തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര വ്യക്‌തമാക്കുന്നു. സ്‌ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡണ്ടും സെക്രട്ടറിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സാന്ദ്ര കഥാവസാനിപ്പിക്കുന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!