റിയാദ് : അസുഖ ബാധിതനായ ഇന്ത്യന്‍ നാവികന് നടുക്കടലില്‍ രക്ഷകരായി സൗദി അതിര്‍ത്തിസേന. നടുക്കടലില്‍ കപ്പലില്‍ വച്ച് അസുഖ ബാധിതനായ ഇന്ത്യന്‍ നാവികന് അടിയന്തിര ചികില്‍സക്കായി കരക്കെത്തിച്ചാണ് സൗദി സേന രക്ഷകരായത്. നാവികന് അടിയന്തിര ചികില്‍സ നല്‍കേണ്ടത് അനിവാര്യമായിരുന്നു എന്നും, തുടര്‍ന്ന് അദ്ദേഹത്തെ കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സേന വക്‌താവ് കേണല്‍ മുസഫര്‍ അല്‍ ഖുറൈനി വ്യക്‌തമാക്കി.
ചെങ്കടലിലൂടെ സഞ്ചരിച്ച ചരക്കു കപ്പലിലെ നാവികനാണ് പെട്ടെന്ന് അസുഖബാധ ഉണ്ടായത്. തുടര്‍ന്ന് കപ്പലില്‍ നിന്നും ജിദ്ദയിലെ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോഓര്‍ഡിനേഷന്‍ സെന്ററിലേക്ക് അടിയന്തിര വൈദ്യസഹായം ആവശ്യപ്പെട്ട് സന്ദേശം എത്തി. ഉടന്‍ തന്നെ അതിര്‍ത്തിസേന കപ്പല്‍ നിലവില്‍ ഉള്ള ലൊക്കേഷന്‍ കണ്ടെത്തി അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തിരമായി ചികില്‍സ നല്‍കാനായി നാവികനെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവികന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്നും സൗദി സേന വക്‌താവ് അറിയിച്ചു.
Read also : ശിക്ഷാ നിയമങ്ങൾ പൊളിച്ചെഴുതി യുഎഇ; സ്‌ത്രീസുരക്ഷക്ക് പ്രാധാന്യം







































