ഡെൽഹി: അധികാരത്തിൽ എത്തുമ്പോൾ ജനപ്രതിനിധികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. 2020 സെപ്റ്റംബര്‍ 16ന് ശേഷം പിൻവലിച്ച കേസുകൾ പുനപരിശോധിക്കണം. നിയമസഭ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കേസുകൾ പിൻവലിക്കാനുള്ള നിയമത്തിന്റെ ദുരുപയോഗം അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. പിൻവലിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിക്കണം. പൊതുതാൽപര്യം കണക്കിലെടുത്ത് മാത്രമായിരിക്കണം തീരുമാനം.
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ പട്ടികയും കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാരുടെ പേരും അറിയിക്കാൻ സുപ്രീം കോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന വിവിധ കോടതികളിലെ ജഡ്ജിമാരെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.
Also Read: മനോധൈര്യവും ഇച്ഛാശക്തിയും ലക്ഷ്യത്തിൽ എത്തിച്ചു; കിളിമഞ്ചാരോ കീഴടക്കി കണ്ണൂരിലെ ദമ്പതികൾ






































