കണ്ണൂർ: വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർഥികളെ ഇറക്കിവിട്ട സ്‌കൂൾ ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു. കണ്ണൂർ ചമ്പാട് ചോതാവൂർ സ്‌കൂളിലെ ഇരുപതോളം കുട്ടികളെയാണ് ഡ്രൈവർ പാതിവഴിയിൽ വെള്ളത്തിൽ ഇറക്കിവിട്ടത്. റോഡിൽ വെള്ളം കയറിയതിനാൽ വീട്ടിലെത്താനാകാതെ കുട്ടികൾ വഴിയിൽ കുടുങ്ങിയതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവിടാൻ വന്ന സ്‌കൂൾ ബസാണ് പാതിവഴിയിൽ വിദ്യാർഥികളെ ഇറക്കിവിട്ടത്. കണ്ണൂരിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി നൽകാത്തതിലും രൂക്ഷവിമർശനം ഉയരുന്നുണ്ട്.
അതിനിടെ, കോഴിക്കോട് സ്‌കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ചെക്യാട് പഞ്ചായത്തിലെ പുഴക്കാലക്കണ്ടിയിലാണ് സംഭവം. പാറക്കടവ് ദാറുൽ ഹുദാ സ്‌കൂളിലെ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. എൽകെജി, യുകെജി, എൽപി ക്‌ളാസുകളിൽ നിന്നായി 25ലധികം കുട്ടികൾ ബസിലുണ്ടായിരുന്നു. നാട്ടുകാരാണ് ബസിൽ നിന്ന് കുട്ടികളെ പുറത്തിറക്കിയത്.
Most Read| തീവ്രമഴ; നാല് ജില്ലകളിൽ നാളെ അവധി