തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരശീല വീണു. കാൽ നൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ടിരിക്കുകയാണ് തൃശൂർ ജില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്‌ഥാനത്ത്.
കഴിഞ്ഞവർഷത്തെ ജേതാക്കളായ കണ്ണൂർ ജില്ല 1003 പോയിന്റോടെ മൂന്നാമതെത്തി. തൃശൂരിന്റെ നാലാം കിരീട നേട്ടമാണിത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപ് ജേതാക്കളായത്. 1000 പോയിന്റുമായി കോഴിക്കോടാണ് നാലാം സ്‌ഥാനത്ത്. തൊട്ടുപിന്നിൽ മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ്.
സ്‌കൂളുകളിൽ 171 പോയിന്റുമായി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ചാംപ്യൻഷിപ്പ് ഉറപ്പിച്ചു. വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ 116 പോയിന്റോടെ രണ്ടാം സ്‌ഥാനം നേടി. മാനന്തവാടി എംജി എച്ച്‌എസ്‌എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്‌ഥാനത്ത്. തൃശൂർ ജില്ല ഹൈസ്‌കൂൾ വിഭാഗത്തിൽ 482 പോയിന്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ 526 പോയിന്റും നേടി.
ലോകത്തിന് മുന്നിൽ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാൻ കഴിയുന്ന കാര്യമാണ് സംസ്‌ഥാന സ്‌കൂൾ കലോൽസവം എന്ന് സമാപന സമ്മേളനം ഉൽഘാടനം ചെയ്‌തുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കലോൽസവത്തിൽ പങ്കെടുത്തതോടെ പത്തുവയസ് കുറഞ്ഞെന്ന തോന്നലാണ് ഉണ്ടാകുന്നത്. കലോൽസവം വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ പഠനകാലത്ത് ഒരു കലോൽസവത്തിൽ പോലും പങ്കെടുക്കാൻ കഴിയാതിരുന്ന തനിക്ക് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞത് സിനിമ തന്ന നേട്ടമാണെന്ന് നടൻ ആസിഫ് അലി പറഞ്ഞു. സർഗാൽമകമായ കഴിവുകളും സഹൃദയത്വവും സന്തോഷമായി ജീവിക്കാൻ നമുക്ക് സഹായകരമാകുമെന്ന് നടൻ ടൊവിനോ തോമസ് പറഞ്ഞു.
കല പ്രഫഷനായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ജീവിതകാലം മുഴുവനും കല കൈവിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ആരാധകർ പറഞ്ഞതനുസരിച്ചാണ് കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചെത്തിയതെന്നും ടൊവിനോ പറഞ്ഞു.
25 വേദികളിലായി നടന്ന 249 മൽസരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്ര നൃത്തരൂപങ്ങൾ മൽസര വേദികളിലെത്തിയ സംസ്‌ഥാന കലോൽസവമാണിത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം