അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ളാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും, വിദ്യാഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
കൂടാതെ ദുബായിലെ സ്കൂളുകളിൽ കായിക പഠനം, പഠനയാത്ര, കലാ കായിക പരിപാടികൾ എന്നിവക്ക് അനുമതി നൽകുമെന്നും വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. നഴ്സറി സ്കൂളുകൾ മുതൽ യൂണിവേഴ്സിറ്റികൾക്ക് വരെ ഇളവുകൾ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ മുഴുവൻ കുട്ടികൾക്കും സ്കൂളുകളിൽ എത്താൻ അനുമതിയുണ്ടെങ്കിലും, ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യം ഒരുക്കും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം 3ആം തീയതി മുതലാണ് സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
Read also: സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫോണിൽ; ബാലചന്ദ്രകുമാർ







































