ന്യൂഡെൽഹി: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ കൂടുതൽ സംസ്‌ഥാനങ്ങൾ സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്നു. ഉത്തർപ്രദേശ് ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്‌കൂളുകൾ തുറക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മണികണ്‌ഠൻ
ഉത്തർ പ്രദേശിലെയും പഞ്ചാബിലേയും സ്‌കൂളുകൾ ഭാഗികമായാണ് നാളെ തുറക്കുന്നത്. 9 മുതൽ 12-ാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് നാളെ സ്‌കൂളുകളിൽ പഠനം തുടങ്ങുക. യുപിയിൽ ഷിഫ്റ്റ് അടിസ്‌ഥാനത്തിലാണ് ക്‌ളാസുകൾ നടത്തുന്നത്. ഒരു ഷിഫ്റ്റിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കുകയുള്ളൂ. വിദ്യാർഥികൾ സ്‌കൂളിൽ വരണമെന്ന് നിർബന്ധമില്ല. പനിയടക്കമുള്ള കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ തിരിച്ചയക്കും. പഞ്ചാബിൽ ദിവസേന മൂന്ന് മണിക്കൂർ മാത്രമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തി സമയം. കണ്ടയ്ൻമെന്റ് സോണുകളിലെ അധ്യാപകരും വിദ്യാർഥികളും സ്‌കൂളിൽ വരരുതെന്ന് നിർദ്ദേശമുണ്ട്. ക്‌ളാസുകളിൽ ഒരു ബെഞ്ചിൽ ഒരു വിദ്യാർഥിയെ മാത്രമേ അനുവദിക്കുകയുളളൂ.
ഹിമാചൽ പ്രദേശിൽ 10-12 ക്‌ളാസുകളിലെ വിവിദ്യാർഥികൾക്ക് നാളെ മുതൽ അധ്യയനം ആരംഭിക്കും. സിക്കിം സർക്കാരും നാളെ മുതൽ സ്‌കൂൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിക്കിമിൽ സെപ്റ്റംബർ 21 മുതൽ ഭാഗികമായി സ്‌കൂളുകൾ തുറന്നിരുന്നു. അവധി ദിവസങ്ങൾ വെട്ടിക്കുറച്ച് പുതിയ അക്കാദമിക് വർഷം രൂപീകരിച്ചാണ് നാളെ സിക്കിമിൽ ക്‌ളാസുകൾ ആരംഭിക്കുന്നത്. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റയ്സേഷൻ തുടങ്ങിയ അടിസ്‌ഥാന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ക്‌ളാസുകൾ തുടങ്ങുന്നത്. മറ്റ് സംസ്‌ഥാനങ്ങളിലെ സർക്കാരുകൾക്ക് അതാത് സംസ്‌ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം അധ്യയനം തുടങ്ങാവുന്നതാണെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കൂടുതൽ സ്‌ഥാപനങ്ങൾ തിങ്കളാഴ്‌ച മുതൽ പ്രവർത്തിച്ച് തുടങ്ങും. സിനിമാശാലകൾക്കും പൊതുവായി ഉപയോഗിക്കുന്ന നീന്തൽ കുളങ്ങൾക്കും പ്രവർത്തന അനുമതിയുണ്ട്. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
Read Also: രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി