തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട് തുടരുന്നു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വൈകിട്ട് വരെ അതിതീവ്ര തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് വൈകിട്ട് 3.30 വരെ 0.5 മുതൽ 1.5 മീറ്റർ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്‌ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ശക്‌തമായ കടലാക്രമണത്തെ തുടർന്ന് ഇന്നലെ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്‌ടമാണ് സംഭവിച്ചത്. അതേസമയം, രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ റോഡിലേക്ക് ഇരച്ചുകയറി. മണൽ വീണു അടിഞ്ഞുകൂടി റോഡ് മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. മണൽ കോരിമാറ്റി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി







































