ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ഇന്നും നിരാശ. തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. ലോറി ഉടമ മനാഫ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ഷിരൂരിലെ ഇന്നത്തെ ദൗത്യം അധികൃതർ അവസാനിപ്പിച്ചു.
നാളെയും തിരച്ചിൽ തുടരുമെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ തിരച്ചിലിൽ സ്റ്റിയറിങ്ങിന്റെ ക്ളച്ചും രണ്ടു ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. നാവികസേന നിർദ്ദേശിച്ച മൂന്ന് പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് നിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മൽപെ പറഞ്ഞത്.
അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. ഓഗസ്റ്റ് 16നാണ് മോശം കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചത്. ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി







































