ഡെൽഹി: കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ഡെൽഹി- ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു.
കർഷക സംഘടനകളും പോലീസുമായി നടത്തിയ ചർച്ച പരാജയപ്പെടുക ആയിരുന്നു. ഗാസിപൂർ ഉടൻ വിടണമെന്ന് പോലീസ് പറഞ്ഞു. പിൻമാറാൻ തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞു. എന്നാൽ കർഷക സംഘടനകൾ പിൻമാറാൻ തയാറാകാതിരുന്നതോടെ ആണ് ചർച്ച പരാജയപ്പെട്ടത്.
കർഷക നേതാവായ രാകേഷ് ടിക്കായത്തുമായി പോലീസും ജില്ലാ മജിസ്ട്രേറ്റും സംസാരിച്ചു. വെടിവെച്ച് കൊന്നോളൂ എന്നാലും സമരം അവസാനിപ്പിക്കില്ല എന്നാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അവരോട് പറഞ്ഞത്. സമരവേദി ഒഴിയുകയില്ല, സമരം ഇവിടെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനോട് വേദി വിട്ട് പോകണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആരും കീഴടങ്ങില്ലെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമ സംഭവങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.
ഇതോടെ പോലീസ് സമരവേദിയിൽ നോട്ടീസ് പതിക്കുക ആയിരുന്നു. അതിനിടെ സമരക്കാർക്കെതിരെ പോലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപ്പബ്ളിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
Kerala News: ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി; ആലപ്പുഴക്കാർക്ക് സത്യമറിയാം