ന്യൂഡെൽഹി: പഞ്ചാബിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ ഫിറോസ്പുർ എസ്എസ്പിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. പ്രധാനമന്ത്രിക്ക് യാത്ര ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിനാൽ 20 മിനിറ്റോളം അദ്ദേഹം റോഡിൽ കുടുങ്ങിയിരുന്നു. തുടർന്ന് അദ്ദേഹം പരിപാടികൾ റദ്ദാക്കി മടങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
പഞ്ചാബ് പോലീസ് കൂടി സമ്മതിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം പോകാൻ തീരുമാനിച്ചതെന്നാണ് എസ്പിജി വ്യക്തമാക്കുന്നത്. കൂടാതെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പോലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. എന്നാൽ പ്രോട്ടോക്കോൾ പാലിക്കാൻ പോലീസ് അലംഭാവം കാണിച്ചെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്. ഒരു പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് സർക്കാർ കുറ്റപ്പെടുത്തി.
പോലീസ് ഇത്തരത്തിൽ പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുമ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയും, ഡിജിപിയും, ചീഫ് സെക്രട്ടറിയും ഉണ്ടാകാറുണ്ട്. എന്നാൽ പഞ്ചാബിൽ ഇവർ മൂന്ന് പേരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉണ്ടായിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താതിരുന്നതെന്നും, സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി വ്യക്തമാക്കുന്നത്.
Read also: മതഭ്രാന്തുമായി താലിബാൻ; അഫ്ഗാനിലെ പെൺപ്രതിമകളുടെ തലയറുത്തു








































