പത്തനംതിട്ട: സീനിയർ സിവിൽ പോലീസ് ഓഫിസർ യു. ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്‌ഥർക്കും എതിരെ ഉമേഷ് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവിയാണ് പിരിച്ചുവിടാൻ ഉത്തരവിട്ടത്. ആറൻമുള സ്‌റ്റേഷനിലാണ് ഉമേഷ് ജോലി ചെയ്‌തിരുന്നത്. 2003 ഡിസംബറിലാണ് ജോലിയിൽ പ്രവേശിച്ചത്. 11 തവണ അച്ചടക്ക നടപടികൾ സ്വീകരിച്ചെങ്കിലും ഉമേഷ് നിരന്തരമായ അച്ചടക്ക ലംഘനം തുടർന്നെന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു.
പോലീസ് ഉദ്യോഗസ്‌ഥനെന്ന നിലയിൽ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു, പോലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി, അന്വേഷണത്തിനായി പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും ഹാജരായില്ല തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, ശമ്പളവും ഉമജീവന ബത്തയും തടഞ്ഞതിനാലാണ് അന്വേഷണത്തിന് ഹാജരാകാൻ കഴിയാത്തതെന്നാണ് ജില്ലാ പോലീസ് മേധാവിക്ക് ഉമേഷ് വിശദീകരണം നൽകിയത്.
ഉമേഷ് വള്ളിക്കുന്നിനെ സേനയിൽ തുടരാൻ അനുവദിച്ചാൽ ഇയാളുടെ ദുഷ്‌പ്രവൃത്തികൾ കാരണം പോലീസിന്റെ ദൈനംദിന പ്രവർത്തനം തടസപ്പെടുത്തുകയും സേനയുടെ മനോവീര്യം തകരുകയും സർക്കാരിന്റെ പ്രതിച്‌ഛായയ്‌ക്ക് കോട്ടംതട്ടുമെന്ന് ബോധ്യപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി 60 ദിവസത്തിനുള്ളിൽ ഉമേഷിന് അപ്പീൽ നൽകാം.
Most Read| ഇന്ത്യക്ക് ചരിത്രനിമിഷം; ബ്ളൂബേർഡ് ബ്ളോക്ക് 2 വിക്ഷേപണം വിജയകരം







































