അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. പെരുന്നാൾ, വിഷു അവധിക്കാലത്ത് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും ടിക്കറ്റ് നിരക്ക് വർധനവ് വൻ തിരിച്ചടിയാണ്. യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയിലേക്കാൾ മൂന്നിരട്ടിയാണ് വർധന.
ഫെബ്രുവരിയിൽ ദുബായിൽ നിന്ന് കൊച്ചിയിൽ പോയി വരൻ ഒരാൾക്ക് 14,000 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 45,000 രൂപയ്ക്ക് മുകളിലാണ്. നാലംഗ കുടുംബത്തിന് പോയിവരാൻ ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ രൂപയാകും. നാട്ടിൽ വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ അടക്കുന്നതോടെ ഗൾഫിലേക്ക് പ്രവാസി കുടുംബങ്ങൾ എത്തിത്തുടങ്ങും.
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 32,000 രൂപയാണ് ഒരാൾക്ക് വൺവേ നിരക്ക്. ഏപ്രിൽ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാൻ ഒരാൾക്ക് 60,000 രൂപയ്ക്ക് മുകളിലാകും. നാലംഗ കുടുംബത്തിന് രണ്ടുലക്ഷത്തിലേറെ രൂപയാകും. വിദേശരാജ്യങ്ങളിലേക്കുള്ള ടൂറിസം പാക്കേജ് നിരക്കിലും 50% വർധനവുണ്ട്. അവധി അടുക്കുംതോറും നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.
അതേസമയം, യാത്ര മാസങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്യുകയും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുകയും ചെയ്തവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അവസാന നിമിഷം യാത്ര തീരുമാനിക്കുന്നവരെയാണ് നിരക്ക് വർധന ബാധിക്കുക. ഗൾഫ് കേരള സെക്ടറിൽ കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തുകയോ സീസൺ സമയത്ത് അധിക സർവീസ് ഏർപ്പെടുത്തുകയോ ചെയ്താൽ നിരക്ക് വർധന ഒരുപരിധിവരെ തടയാമെന്നാണ് പ്രവാസികൾ പറയുന്നത്.
Most Read| ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്റ്റി കോവൻട്രി