പെഷവാർ: പാകിസ്ഥാനിലെ മതപഠന കേന്ദ്രത്തിൽ സ്ഫോടനം. വടക്ക് പടിഞ്ഞാറൻ പാകിസ്ഥാൻ നഗരമായ പെഷവാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്റസയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കുട്ടികളുൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടതായും 109ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്തർ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read: തോക്കെടുത്ത് കളിക്കുന്നതിനിടെ വെടി പൊട്ടി; പിറന്നാള്‍ ദിനത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം
പ്ളാസ്റ്റിക് ബാഗിൽ നിറച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു. കുട്ടികൾ ഖുർആൻ പാരായണം ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്. തീർത്തും അപ്രതീക്ഷിതമായതിനാൽ പകുതി പേർക്കും രക്ഷപെടാനായില്ലെന്ന് പെഷവാർ പോലീസ് മേധാവി മുഹമ്മദ് അലി ഖാൻ പറഞ്ഞു. അഞ്ച് മുതൽ ആറ് കിലോഗ്രാം വരെ തൂക്കമുള്ള സ്ഫോടക വസ്തുക്കളാണ് ബാഗിൽ ഉണ്ടായിരുന്നത്. മദ്റസ പരിസരത്ത് ആരോ ബാഗ് ഉപേക്ഷിച്ച് പോയതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പരിക്കേറ്റ 83 പേരെ നഗരത്തിലെ ലേഡി റീഡിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26 പേർ നസീറുള്ളാ ഖാൻ ബാബർ ആശുപത്രിയിലും ചികിൽസയിലാണ്. ഇതിൽ 5 പേരുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.







































