പാകിസ്‌ഥാനിൽ അമ്പലങ്ങളുടെ ആവശ്യമില്ല; കുപ്രസിദ്ധ പ്രഭാഷകൻ സാകിർ നായിക്

By Desk Reporter, Malabar News
ZAKIR NAIK
ZAKIR NAIK
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ കറക് ജില്ലയിൽ ഡിസംബര്‍ 30ന് ക്ഷേത്രം തകര്‍ത്ത ഭീകര പ്രവർത്തനത്തെ പിന്തുണച്ച് സാകിർ നായിക്. ഇസ്‌ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് ഒരു വീഡിയോയിലൂടെ സാകിർ നായിക് പറയുന്നു. പാകിസ്‌ഥാനിലെ ‘ഖൈബർ പഖ്‌തുന്‍ഖ്വയിലാണ് ഒരുകൂട്ടം തീവ്രവാദികൾ ഹൈന്ദവ ക്ഷേത്രം തകര്‍ത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പുനരുദ്ധാരണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രമാണ് തകർത്ത് തീയിട്ടത്.

സംഭവത്തിൽ അന്തർദേശീയ തലത്തിൽ പാക് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ പാക് സർക്കാർ ക്ഷേത്രം പുനർ നിർമിക്കാൻ ഉത്തരവിറക്കി. ജാമിയത്ത്-ഉൽമ-ഇ-ഇസ്‌ലാം പാർട്ടി നേതാവുൾപ്പെടെ 26 പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതാണ് സാകിർ നായികിനെ ചൊടിപ്പിച്ചത്.

പാകിസ്‌ഥാനെ പോലുള്ള ഇസ്‌ലാമിക രാജ്യത്ത് ഹൈന്ദവ ആരാധനാലയങ്ങൾ ആവശ്യമില്ല എന്നും ശരിഅത്തനുസരിച്ച് അമുസ്‌ലിങ്ങളുടെ ഒരു ആരാധനാലയത്തിന് പണം കൊടുക്കുകയോ സംഭാവന നല്‍കുകയോ ചെയ്യുന്നത് പാപമാണെന്നുമാണ്‌ ഇയാൾ പുതിയ വീഡിയോയിൽ പറയുന്നത്. ഒരു ഇസ്‌ലാമിക രാഷ്‌ട്രം ഇസ്‌ലാമികേതര ആരാധനാലയത്തിന് പണം നൽകുകയോ സംഭാവന ചെയ്യുകയോ ചെയ്യുന്നത് ഹറാമാണെന്ന് ശരീഅത്തിൽ സുവ്യക്‌തമായി പറയുന്നുവെന്നും എല്ലാ മുസ്‌ലിം പണ്ഡിതൻമാർക്കും, ഇമാമുകൾക്കും ഇതിൽ ഒരേ അഭിപ്രായമാണെന്നും ഇത് സംബന്ധിച്ച് നിരവധി ഫത്‌വകൾ ഉണ്ടെന്നും സക്കീർ നായിക് ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് വ്യക്‌തമാക്കി.

ഇസ്‌ലാമിനെയോ പ്രവാചകനെയോ അപമാനിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയാറാക്കി വെക്കണമെന്നും അവര്‍ എപ്പോഴെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെത്തിയാൽ ഉടൻ അറസ്‌റ്റ് ചെയ്‌ത്‌ ഇസ്‌ലാമിക നിയമപ്രകാരം ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2020 ഒക്‌ടോബറിൽ ഇദ്ദേഹം രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള വിവാദ പ്രസ്‌താവനകളും അപര വെറുപ്പും പ്രചരിപ്പിച്ച് നിരന്തരം കുപ്രസിദ്ധിയുടെ ഗ്രാഫ് ഉയർത്തുന്ന ആളാണ് സാകിർ നായിക്.

ഇന്ത്യക്കാരനും തീവ്ര ഇസ്‌ലാമിക പ്രഭാഷകനുമായ സാകിർ അബ്‌ദുൽ കരീം നായിക് ഇപ്പോള്‍ മലേഷ്യയിലാണ് താമസം. ഭീകരപ്രവർത്തനത്തിന് പണം നൽകിയതിനും മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾക്കും കള്ളപ്പണം വെളുപ്പിച്ചതിനുമാണ് ഇയാൾ ഇന്ത്യയിൽ നിന്ന് 2016 മുതൽ ഒളിവിൽ പോയത്.

Most Read: അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE