കറാച്ചി: ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് ഏറ്റെടുത്തു.
ക്വറ്റയിൽ നിന്ന് പഞ്ചാബിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ അക്രമികൾ ദേശീയപാതയിൽ തടയുകയായിരുന്നു. അതിനു ശേഷം യാത്രക്കാരെ പരിശോധിച്ചു. പഞ്ചാബ് സ്വദേശികളെ ബസിൽ നിന്നിറക്കി. അടുത്തുള്ള സ്‌ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തി. ഇവരുടെ മൃതദേഹങ്ങൾ റോഡരികിൽ നിന്ന് കണ്ടെടുത്തതായും പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.
പാക്കിസ്‌ഥാനിൽ മോചനം ആവശ്യപ്പെട്ട് ബലൂചിസ്‌ഥാൻ വിവിധ സായുധ സേനകൾ പോരാട്ടത്തിലാണ്. ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോയ ജാഫർ എക്‌സ്‌പ്രസ് പിടിച്ചെടുത്ത് യാത്രക്കാരെ ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ബന്ദികളാക്കിയത് മാർച്ചിലാണ്. ബിഎൽഎ പോരാളികളെ വധിച്ച് പാക്ക് സൈന്യം ഇവരെ മോചിപ്പിച്ചിരുന്നു.
ബലൂചിസ്‌ഥാനിലും വടക്ക് പടിഞ്ഞാറൻ പാക്കിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ മേഖലയിലും വിഘടനവാദികൾ ഈവർഷം നടത്തിയ ആക്രമണങ്ങളിൽ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പാക്ക് സൈനികരായിരുന്നു.
Most Read| സസ്‌പെൻഷനിലുള്ള രജിസ്ട്രാർ എങ്ങനെ ഫയൽ അയക്കും? ഒപ്പിടാതെ തിരിച്ചയച്ച് വിസി