കൊച്ചി: സിനിമാ രംഗത്തെ ലൈംഗികപീഡന പരാതിയിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് നടിയുടെ മൊഴി.
മുകേഷിനെതിരെ ബലാൽസംഗ കുറ്റവും ചുമത്തി. ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന ആവശ്യവും ശക്‌തമായി. മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും ആവശ്യപ്പെട്ടു. കേസെടുത്തതോടെ സിപിഎം നിലപാടും നിർണായകമായി. മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനവും ഉയർന്നിരുന്നു.
കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. മുകേഷിന് പുറമെ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പോലീസും കേസെടുത്തു. പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്തിട്ടുണ്ട്.
അതിനിടെ, നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി അക്രമിച്ചെന്നാണ് എഫ്‌ഐആർ. നടിയുടെ മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയായിരുന്നു ആരോപണം. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ സിനിമാരംഗം വിട്ട മുൻ ജൂനിയർ ആർട്ടിസ്‌റ്റായിരുന്നു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീതാ വിജയനും ശ്രീദേവികയും സംവിധായകൻ തുളസീദാസിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. സംവിധായകൻ വികെ പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് രംഗത്തെത്തിയത്.
Most Read| മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം








































