ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ഇന്ന് പുലർച്ചെ ജർമനിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വൽ രേവണ്ണയെ കർണാടക പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പ്രജ്വൽ രേവണ്ണ തിരിച്ചെത്തിയത്.
ഇന്ന് പുലർച്ചെ 12.48നാണ് വിമാനം ബെംഗളൂരുവിലെത്തിയത്. ഇന്റർപോൾ ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽ നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് രാവിലെ പത്ത് മണിക്ക് എസ്ഐടിക്ക് മുന്നിൽ ഹാജരാകുമെന്ന പ്രജ്വലിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യത്തെ തുടർന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് ആയച്ചിരുന്നു.
ജൂൺ രണ്ടുവരെയാണ് സമയം അനുവദിച്ചിരുന്നത്. പത്ത് ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് രൺദീപ് ജയ്സ്വാൾ അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്ന് ലൈംഗിക പീഡന കേസുകളിൽ രണ്ടെണ്ണത്തിലും പ്രജ്വൽ രേവണ്ണ പ്രതിയാണ്.
Most Read| നീക്കം സിക്കിമിനെതിരെ? അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന