മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എം തുഷാറാണ് ശിക്ഷ വിധിച്ചത്.
ഹൈബിന്റെ മാനേജരായിരുന്ന രണ്ടാംപ്രതി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ശിഹാബുദ്ദീന് ആറുവർഷവും ഒമ്പത് മാസവും ആറാംപ്രതി ഷൈബിന്റെ ഡ്രൈവർ നിലമ്പൂർ മുക്കട്ട നടുത്തൊടിക സ്വദേശി നിഷാദിന് മൂന്നുവർഷവും ഒമ്പത് മാസവും തടവും വിധിച്ചു. നേരത്തെ, കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
15 പ്രതികളിൽ ഒമ്പത് പേരെ കോടതി വെറുതെവിട്ടു. മൃതദേഹമോ അവശിഷ്‌ടങ്ങളോ കണ്ടെത്താൻ കഴിയാതിരുന്ന കേസിൽ ഒന്നാം പ്രതിയുടെ കാറിൽ നിന്ന് ലഭിച്ച തലമുടി പരിശോധിച്ചാണ് പോലീസ് കേസ് തെളിയിച്ചത്. പ്രതികളിലൊരാളായ കുന്നേക്കാടൻ ഷമീം ഇപ്പോഴും ഒളിവിലാണ്. മറ്റൊരു പ്രതി മുക്കട്ട സ്വദേശി ഫാസിൽ ഒളിവിൽക്കഴിയവെ വൃക്ക രോഗത്തെ തുടർന്ന് മരിച്ചു. ഏഴാംപ്രതി ബത്തേരി സ്വദേശി നൗഷാദിനെ മാപ്പുസാക്ഷിയാക്കി.
2019ൽ ആണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൂലക്കുരു ചികിൽസക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഒന്നേകാൽ വർഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു.
വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്‌ജമാക്കിയാണ് വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്‌ടോബറിൽ ചികിൽസാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്‌ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതീഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ