കോഴിക്കോട്: താമരശേരിയിൽ നിന്ന് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകര റൂറൽ എസ്പി ഓഫിസിൽ എത്തിച്ചു. കർണാടകയിൽ നിന്നാണ് ഷാഫിയെ കണ്ടെത്തിയതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പത്ത് ദിവസം മുമ്പാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഇത്രയും ദിവസം ഇയാൾ ഗുണ്ടാ സംഘത്തിന്റെ പിടിയിലായിരുന്നു.
താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ, തട്ടിക്കൊണ്ടുപോയത് ആരെന്നോ, എന്തിനെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഷാഫിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്.
ഈ മാസം ഏഴിന് പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഷാഫിയെ ആയുധങ്ങളുമായി എത്തിയ സംഘം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മുഖം മറച്ചു കാറിലെത്തിയ നാലംഗ സംഘമാണ് ആയുധവും തോക്കും ഉപയോഗിച്ച് ഷാഫിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റിയത്.
ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും സംഘം കാറിൽ പിടിച്ചു കയറ്റി. കുറച്ചു മുന്നോട്ട് പോയ ശേഷം സനിയയെ വഴിയിൽ ഇറക്കിവിട്ടു സംഘം ഷാഫിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു. സൗദി അറേബ്യ കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആയിരുന്നു ഷാഫിയെ തട്ടിക്കൊണ്ട് പോകുന്നതിലേക്ക് നയിച്ചത്. ഷാഫിയുമായി പണമിടപാട് ഉണ്ടായിരുന്ന താമരശേരി സ്വദേശി സാലിയയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെ, ഷാഫിയുടെ വീഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നും, സൗദി രാജകുടുംബത്തിൽ നിന്ന് കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിലയായ 80 കോടി രൂപയിൽ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണ് തന്നെ കൂട്ടിക്കൊണ്ടു പോയതെന്നും വീഡിയോയിൽ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നിൽ സഹോദരൻ നൗഫൽ ആണെന്നും ആരോപിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച കാർ കാസർഗോഡ് നിന്നും കണ്ടെത്തിയതായിരുന്നു അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തോട് ചേർന്നുള്ള കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് ഷാഫിയെ കണ്ടെത്തിയത്.
Most Read: മഅദ്നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി