കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യൂട്യൂബിൽ നിന്നെന്ന് വ്യക്‌തമായി. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്.
കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണ് നഞ്ചക്കെന്നും പോലീസ് സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച്ച് ഹിസ്‌റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്‌തമാക്കുന്ന വീഡിയോകളുണ്ട്. ഇവരുടെ പിതാവിന് സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്.
ഇന്നലെ അറസ്‌റ്റിലായ വിദ്യാർഥിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഷഹബാസിനെ മർദ്ദിച്ച സംഘത്തിലുള്ള ആളാണിത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. എസ്എസ്എൽസി പരീക്ഷയായതിനാൽ ആറുപേരും ഇന്ന് ഒബ്‌സർവേഷൻ ഹോമിൽ പരീക്ഷയെഴുതും.
കഴിഞ്ഞ 27നുണ്ടായ സംഘർഷത്തിൽ ആദ്യം അഞ്ചു പേരെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. പിന്നാലെ കൂടുതൽ വിദ്യാർഥികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇന്നലെ ഒരാൾ കൂടി പിടിയിലായത്. മർദ്ദനത്തിനായി രൂപീകരിച്ച സാമൂഹിക മാദ്ധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികൾ ഉണ്ടെന്ന് പോലീസ് സ്‌ഥിരീകരിച്ചു.
ഇതിൽ നേരിട്ട് മർദ്ദിച്ച ആറുപേരുടെ പങ്കാണ് ഇപ്പോൾ വ്യക്‌തമായിരിക്കുന്നത്. ഗൂഢാലോചനയിലോ മർദ്ദനം ആസൂത്രണം ചെയ്‌തതിലോ മറ്റു കുട്ടികൾക്ക് പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കസ്‌റ്റഡിയിലെടുത്ത നാല് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് പരിശോധിക്കുകയാണ്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ