തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ തിങ്കളാഴ്‌ച രാത്രി 11.50ഓടെയാണ് അന്ത്യം. നാല് വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിൽസയിലായിരുന്നു.
ഇന്നലെ രാത്രി രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രേമാനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ളീഷ് മീഡിയം സ്‌കൂൾ, മോണ്ട്ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്‌റ്റേഴ്‌സ് ബിരുദവും നേടി.
1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചുട്ടുണ്ട്.
ചെറിയ ഇടവേളയ്‌ക്ക് ശേഷം 2011ൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി. പൃഥ്‌വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവിൽ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഭാര്യ: അയിഷ അബ്‌ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം ജമാഅത്ത് ഖബർസ്‌ഥാനിൽ.
Most Read| യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തണം; ട്രംപിന് കത്ത്