മുംബൈ: സുരക്ഷ കൂട്ടിയത് അംഗീകരിക്കാതെ എൻസിപി അധ്യക്ഷൻ ശരത് പവാർ. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനും രഹസ്യങ്ങൾ ചോർത്താനുമാണ് കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതെന്ന സംശയവുമായി ശരത് പവാർ നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ കൂട്ടിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ശരത് പവാറിന് കേന്ദ്ര സർക്കാർ സെഡ് പ്ളസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതനുസരിച്ച് 55 സിആർപിഎഫ് ജവാൻമാർ ഇദ്ദേഹത്തിന് സുരക്ഷക്കുണ്ടാകും. വസതിയിലും യാത്രയിലും സംഘം അനുഗമിക്കും.
സംസ്‌ഥാനത്ത് എത്തുമ്പോഴൊക്കെ പവാറിനെ വിമർശിക്കുന്ന ബിജെപി നേതാക്കൾ എന്തിനാണ് അദ്ദേഹത്തിന്റെ സുരക്ഷ കൂട്ടിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷമായി പവാറിനെ വിമർശിച്ചിരുന്നു. കോൺഗ്രസിനെയും ശിവസേനയെയും ഒരുമിച്ച് നിർത്തി മഹാവികാസ് അഘാടി സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ശരത് പവാറാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം വലിയ വിജയം നേടിയതോടെ പവാറിനെ നിരീക്ഷിക്കാനാണ് സുരക്ഷ കൂട്ടിയതെന്ന വാദവും എൻസിപ്പിക്കുള്ളിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ 48ൽ 30 സീറ്റിലും ജയിച്ചത് എൻസിപി (ശരത് പവാർ), ശിവസേന (ഉദ്ധവ് താക്കറെ), കോൺഗ്രസ് എന്നിവരടങ്ങിയ മഹാ വികാസ് അഘാഡി സഖ്യമാണ്. ഒക്‌ടോബർ- നവംബർ മാസങ്ങളിൽ 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം