മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്‌ഞ ചെയ്‌തു. മൂന്നാം തവണയാണ് ബിജെപി നേതാവായ ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു.
ആസാദ് മൈതാനത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് 5.30നായിരുന്നു സത്യപ്രതിജ്‌ഞ. മഹാരാഷ്‌ട്രയിൽ നേടിയ വൻവിജയത്തിന്റെ കരുത്തിലാണ് മഹായുതി സഖ്യം അധികാരമേറ്റത്. ഇന്ത്യാ സഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്.
ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന മഹായുതി 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. എന്നാൽ, മഹാവിജയം നേടിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ദിവസങ്ങൾ നീണ്ട രാഷ്‌ട്രീയ ചർച്ചകൾക്കും മുഖ്യമന്ത്രി ആരെന്ന സസ്‌പെൻസുകൾക്കും ഒടുവിലാണ് ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലേറിയത്.
സത്യപ്രതിജ്‌ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിമാസം 1500 രൂപ ലഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്‌താക്കളായ സ്‌ത്രീകളുടെ പ്രതിനിധികളായി 5000 പേരും സത്യപ്രതിജ്‌ഞയ്‌ക്ക് സാക്ഷ്യം വഹിച്ചു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’