ഷാർജ: അമിത ശബ്ദം ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം ഷാർജയിൽ പിടികൂടിയത് 510 കാറുകൾ. റഡാർ ഉപകരണങ്ങൾ വഴിയാണ് ഇവ പിടികൂടിയത്. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അമിത ശബ്ദം മൂലം താമസക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് തടയുന്നതിനും വേണ്ടിയാണ് നടപടിയെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.
നോയ്സ് റഡാറുകള്‍ വഴിയാണ് അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഷാർജയിൽ പിടിയിലായത്. കാറുകള്‍ കടന്നുപോകുന്നതിന്റെ ഡെസിബല്‍ അളന്നാണ് ഈ ഉപകരണത്തിലൂടെ നിയമലംഘകരെ കണ്ടെത്തുന്നത്. 95 ഡെസിബലിൽ വാഹനങ്ങൾക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ളാക്ക് പോയിന്റുകളും 6 മാസം വരെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.
വാഹനത്തില്‍ നിന്നുള്ള ശബ്ദനില അമിതമാണെങ്കില്‍ ക്യാമറ വഴി ലൈസന്‍സ് പ്ളേറ്റ് പകര്‍ത്തുകയും ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ശബ്ദവും വേഗതയും കൂട്ടാന്‍ എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Read also: സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം