ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ തങ്ങളുടെ പക്കൽ ഇല്ലെന്ന സർക്കാർ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമർശനം. ട്വിറ്ററിലാണ് തരൂർ കേന്ദ്രത്തിനെതിരെ ചോദ്യവുമായി എത്തിയത്.
“സന്തോഷവാർത്തയും മോശം വാർത്തയും: കുടിയേറ്റക്കാർക്കായി 3 ലക്ഷം കോടി ചെലവഴിക്കുമെന്ന് സർക്കാർ; എന്നാൽ അവർ എത്ര പേരുണ്ടെന്നോ എവിടെയാണെന്നോ ഒരു വിവരവുമില്ലെന്ന് സർക്കാർ പാർലമെന്റിനോട് പറയുന്നു. കുടിയേറ്റക്കാരെക്കുറിച്ച് സർക്കാരിന്റെ പക്കൽ രേഖയില്ലാത്തപ്പോൾ, അവർ എങ്ങനെ ഫണ്ട് അനുവദിക്കും?”- തരൂർ ട്വീറ്റിൽ ചോദിച്ചു.
Good news & bad news: Govt says they will spend 3 lakh crore on migrants; but they tell Parliament they don’t have any data on how many there are or where. https://t.co/AnLiZVGlsb
When Govt has no data on migrants, how they will allocate funds?#NoQuestionsForBJP
— Shashi Tharoor (@ShashiTharoor) September 16, 2020
പിഎം കെയേഴ്സിൽ നിന്ന് കുടിയേറ്റ തൊഴിലാളികൾക്കായി 1000 കോടി രൂപ ചെലവിടുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനായി ആകെ 3,100 കോടി രൂപയായിരുന്നു പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് അനുവദിച്ചത്. ഇതിൽ വെന്റിലേറ്ററുകൾക്കായി 2,000 കോടി രൂപയും 100 കോടി രൂപ വാക്‌സിൻ വികസനത്തിനായും ചെലവിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
Related News: ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശത്തേക്കു മടങ്ങുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണവും അവർക്കു നൽകാൻ ഉദ്ദേശിക്കുന്ന നഷ്ടപരിഹാരവും എത്രയാണെന്ന് പാർലമെന്റിൽ പ്രതിപക്ഷം ചോദിച്ചിരുന്നു. എന്നാൽ, കുടിയേറ്റതൊഴിലാളികളുടെ മരണത്തിൽ കേന്ദ്ര സർക്കാരിന്റെ പക്കൽ ഔദ്യോഗിക രേഖയില്ലെന്നാണ് തൊഴിൽ മന്ത്രാലയം നൽകിയ മറുപടി. രേഖയിലില്ലാത്ത മരണത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രത്തിന്റെ മറുപടിയിൽ പറഞ്ഞിരുന്നു.