ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് നിർദ്ദേശിച്ച എംപിമാരുടെ പേര് പുറത്തുവിട്ട് കോൺഗ്രസ്. ഇതിൽ ശശി തരൂർ എംപിയുടെ പേര് നിർദ്ദേശിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നിർദ്ദേശിച്ച പേരുകളാണ് ജയറാം രമേശ് പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗഗോയ്, സൈയ്‌ദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. എന്നാൽ, കേന്ദ്രം പുറത്തുവിട്ട പട്ടികയിൽ തരൂരിന്റെ പേരുണ്ടായിരുന്നു.
അതേസമയം, സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാകില്ലെന്നും തരൂർ എക്‌സിൽ കുറിച്ചു. അതിനിടെ, വിദേശത്തേക്ക് സംഘത്തെ അയക്കാനുള്ള സർക്കാർ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാർട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് അതൃപ്‌തി അറിയിച്ചതായാണ് സൂചന.
വിദേശത്തേക്ക് അയക്കേണ്ട സംഘത്തിൽ ഉൾപ്പെടുത്തേണ്ട ആളുകളെ കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു കോൺഗ്രസ് പ്രസിഡണ്ടുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. പട്ടിക നൽകാൻ നിർദ്ദേശിച്ചതിന് അനുസരിച്ച് ഇന്നലെ വൈകീട്ട് ഈ നാലുപേരുകൾ കൈമാറിയതായും ജയറാം രമേശ് പറഞ്ഞു.
ഏഴ് സംഘങ്ങളെ അയക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിൽ ഒന്നിനെ നയിക്കാൻ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെ-യുഎസ് ദൗത്യ സംഘത്തെ നയിക്കാനാണ് നിർദ്ദേശം. കേരളത്തിൽ നിന്ന് ശശി തരൂർ, ഇടി മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്.
പത്ത് ദിവസത്തെ ദൗത്യത്തിന് മുൻപ് എപിമാർക്ക് വിദേശകാര്യ മന്ത്രാലയം മാർഗനിർദ്ദേശം നൽകും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിന് ബിജെപി എംപി രവിശങ്കർ പ്രസാദ് നേതൃത്വം നൽകും. മുൻ മന്ത്രി സൽമാൻ ഖുർഷിദ് ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി), ഏക്‌നാഥ് ഷിൻഡെ (ശിവസേന) എന്നിവരും ഓരോ സംഘത്തെ നയിക്കും.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!